രണ്ടു ദിവസമായി കാമ്പസ്സിനുപുറത്തു പോകാന്‍ പേടിയാണ്. ഏതെങ്കിലും ഇടറോഡില്‍ കൂടി നടന്നാല്‍ അപകടം പിണഞ്ഞതുതന്നെ. കഴിഞ്ഞ വര്‍ഷത്തെ അനുഭവം മറന്നിട്ടില്ല. നടന്നു പോകുമ്പോള്‍ തൊട്ടുമുന്നില്‍ പടക്കം ഒരെണ്ണം വലിയ ഒച്ചയില്‍ പൊട്ടി. നടുങ്ങിപ്പോയി. ഒരു സെക്കന്റ് കഴിഞ്ഞായിരുന്നെങ്കില്‍ കാലു പൊള്ളിപ്പോയേനെ! നോക്കിയപ്പോള്‍ ഒരുത്തന്‍ അടുത്ത പടക്കം കത്തിക്കുന്നു. അതു തലയില്‍ വീഴുന്നതിനു മുന്‍പ് രക്ഷപ്പെട്ടു.
തമിഴ്നാട്ടില്‍ ദീപാവലിയായാല്‍ ഇങ്ങനെയാണ്. തിരക്കേറിയ വഴിയില്‍, ആളുകളുടെ നടുവില്‍ ഏതു നിമിഷവും പടക്കം വീണുപൊട്ടും. ദീപാവലിക്കു പോലും ഇക്കൂട്ടരുടെ തലയില്‍ വകതിരിവിന്റെ വെളിച്ചം തെളിയില്ല!
കാമ്പസിനുള്ളിലും വലിയ മാറ്റമില്ല. ഇന്നലെ രാത്രി സുഹൃത്തിന്റെ ക്വാര്‍ട്ടേഴ്സിലേക്കു വരുന്ന വഴിയിലുടനീളം ചെവി പൊത്തേണ്ടി വന്നു. ക്വാര്‍ടേഴ്സില്‍ എത്തിയപ്പോള്‍ വെടിയുടെ പൊടിപൂരം! കുറച്ചു മാനുകള്‍ നടുങ്ങിവിറച്ചു നില്‍ക്കുന്നു. കുരങ്ങുകള്‍ ബുദ്ധിമാന്‍മാരായതു കൊണ്ട് രണ്ടു ദിവസം മുന്‍പേ രക്ഷപ്പെട്ടു. (ഇതു പോലെ കുരങ്ങന്‍മാര്‍ രക്ഷപ്പെടുന്നതു കണ്ടിട്ടുള്ളത് കാമ്പസ്സില്‍ റോക്ക് ഷോ നടക്കുമ്പോഴാണ്. രണ്ടൂ-മൂന്നാഴ്ച കുരങ്ങന്‍മാരെ ആ പ്രദേശത്തേ കാണുകയില്ല!).
രാവിലെ ഉണര്‍ന്നതു തന്നെ പടക്കത്തിന്റെ നടുക്കുന്ന ഒച്ച കേട്ടിട്ടാണ്. നോക്കിയപ്പോള്‍ പിറകിലെ ക്വാര്‍ട്ടേഴ്സിലെ കുട്ടികളാണ്. അതുങ്ങളുടെ കയ്യില്‍ ഇനിയും 'ആറ്റം ബോംബുകള്‍' ഇരിക്കുന്നു. മുതിര്‍ന്നവര്‍ക്ക് ഇതൊന്നു നിയന്ത്രിച്ചു കൂടേ എന്നു വിചാരിച്ചതേയുള്ളൂ, അതാ വരുന്നു കുട്ടികളുടെ പിതാശ്രീ. കയ്യില്‍ കൂടിയ ഇനമാണ് - മാലപ്പടക്കം. അഞ്ഞൂറൂ രൂപ അഞ്ചുമിനിട്ടു കൊണ്ടു പൊട്ടിത്തീര്‍ന്നു!
ഒന്നു,രണ്ടു ദിവസം കൊണ്ടു കത്തിച്ചു കളയുന്ന പണത്തിന്റെ കണക്കു കേട്ടാല്‍ ഞെട്ടിപ്പോകും. ഒരു സുഹൃത്ത് താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിന്റെ ഉടമ വാങ്ങിയത് ഒരു ലക്ഷം രൂപയുടെ പടക്കം. 3500 രൂപ മാസ വരുമാനമുള്ള അവിടുത്തെ ജോലിക്കാരി വാങ്ങിയത് 4000 രൂപയുടേത്! ചെന്നൈയില്‍ മാത്രം കഴിഞ്ഞ ദീപാവലിക്ക് പൊട്ടിയത് 500-നു മേല്‍ കോടിയുടെ പടക്കങ്ങളാണ് -- മുഴുവന്‍ തമിഴ് മക്കള്‍ക്കും മൂന്നു,നാലു മാസത്തെ ഭക്ഷണത്തിനു വേണ്ട തുക.
പണം മലയാളി കുടിച്ചു തീര്‍ക്കുന്നു; തമിഴന്‍ പൊട്ടിച്ചു തീര്‍ക്കുന്നു.
3 comments:
Malayalikal kadichu theerkunnu, bhakshanam ano udheshichathu ?
ഇത്തവണ ഞാനും അത് അനുഭവിച്ചു.ദീപാവലി ദിവസം കുടുംബസമേതം കോയമ്പത്തൂരില്‍ ആയിരുന്നു.സാര്‍ പറഞ്ഞപോലെ ഹൈവേയില്‍ ജനങ്ങള്‍ നടക്കുന്ന വഴിയില്‍ ഒരുത്തന്‍ ഇരുന്ന് കത്തിക്കുന്നു!എന്തൊരു ലോകം?
vannu..... vaayichu.
Post a Comment