Friday, November 5, 2010

നടുക്കുന്ന ഉത്സവം!

രണ്ടു ദിവസമായി കാമ്പസ്സിനുപുറത്തു പോകാന്‍ പേടിയാണ്‌. ഏതെങ്കിലും ഇടറോഡില്‍ കൂടി നടന്നാല്‍ അപകടം പിണഞ്ഞതുതന്നെ. കഴിഞ്ഞ വര്‍ഷത്തെ അനുഭവം മറന്നിട്ടില്ല. നടന്നു പോകുമ്പോള്‍ തൊട്ടുമുന്നില്‍ പടക്കം ഒരെണ്ണം വലിയ ഒച്ചയില്‍ പൊട്ടി. നടുങ്ങിപ്പോയി. ഒരു സെക്കന്റ് കഴിഞ്ഞായിരുന്നെങ്കില്‍ കാലു പൊള്ളിപ്പോയേനെ! നോക്കിയപ്പോള്‍ ഒരുത്തന്‍ അടുത്ത പടക്കം കത്തിക്കുന്നു. അതു തലയില്‍ വീഴുന്നതിനു മുന്‍പ്‌ രക്ഷപ്പെട്ടു.

തമിഴ്നാട്ടില്‍ ദീപാവലിയായാല്‍ ഇങ്ങനെയാണ്‌. തിരക്കേറിയ വഴിയില്‍, ആളുകളുടെ നടുവില്‍ ഏതു നിമിഷവും പടക്കം വീണുപൊട്ടും. ദീപാവലിക്കു പോലും ഇക്കൂട്ടരുടെ തലയില്‍ വകതിരിവിന്റെ വെളിച്ചം തെളിയില്ല!

കാമ്പസിനുള്ളിലും വലിയ മാറ്റമില്ല. ഇന്നലെ രാത്രി സുഹൃത്തിന്റെ ക്വാര്‍ട്ടേഴ്സിലേക്കു വരുന്ന വഴിയിലുടനീളം ചെവി പൊത്തേണ്ടി വന്നു. ക്വാര്‍ടേഴ്സില്‍ എത്തിയപ്പോള്‍ വെടിയുടെ പൊടിപൂരം! കുറച്ചു മാനുകള്‍ നടുങ്ങിവിറച്ചു നില്‍ക്കുന്നു. കുരങ്ങുകള്‍ ബുദ്ധിമാന്‍മാരായതു കൊണ്ട്‌ രണ്ടു ദിവസം മുന്‍പേ രക്ഷപ്പെട്ടു. (ഇതു പോലെ കുരങ്ങന്‍മാര്‍ രക്ഷപ്പെടുന്നതു കണ്ടിട്ടുള്ളത്‌ കാമ്പസ്സില്‍ റോക്ക്‌ ഷോ നടക്കുമ്പോഴാണ്‌. രണ്ടൂ-മൂന്നാഴ്ച കുരങ്ങന്‍മാരെ ആ പ്രദേശത്തേ കാണുകയില്ല!).

രാവിലെ ഉണര്‍ന്നതു തന്നെ പടക്കത്തിന്റെ നടുക്കുന്ന ഒച്ച കേട്ടിട്ടാണ്‌. നോക്കിയപ്പോള്‍ പിറകിലെ ക്വാര്‍ട്ടേഴ്സിലെ കുട്ടികളാണ്‌. അതുങ്ങളുടെ കയ്യില്‍ ഇനിയും 'ആറ്റം ബോംബുകള്‍' ഇരിക്കുന്നു. മുതിര്‍ന്നവര്‍ക്ക്‌ ഇതൊന്നു നിയന്ത്രിച്ചു കൂടേ എന്നു വിചാരിച്ചതേയുള്ളൂ, അതാ വരുന്നു കുട്ടികളുടെ പിതാശ്രീ. കയ്യില്‍ കൂടിയ ഇനമാണ്‌ - മാലപ്പടക്കം. അഞ്ഞൂറൂ രൂപ അഞ്ചുമിനിട്ടു കൊണ്ടു പൊട്ടിത്തീര്‍ന്നു!

ഒന്നു,രണ്ടു ദിവസം കൊണ്ടു കത്തിച്ചു കളയുന്ന പണത്തിന്റെ കണക്കു കേട്ടാല്‍ ഞെട്ടിപ്പോകും. ഒരു സുഹൃത്ത്‌ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിന്റെ ഉടമ വാങ്ങിയത്‌ ഒരു ലക്ഷം രൂപയുടെ പടക്കം. 3500 രൂപ മാസ വരുമാനമുള്ള അവിടുത്തെ ജോലിക്കാരി വാങ്ങിയത്‌ 4000 രൂപയുടേത്‌! ചെന്നൈയില്‍ മാത്രം കഴിഞ്ഞ ദീപാവലിക്ക്‌ പൊട്ടിയത്‌ 500-നു മേല്‍ കോടിയുടെ പടക്കങ്ങളാണ്‌ -- മുഴുവന്‍ തമിഴ്‌ മക്കള്‍ക്കും മൂന്നു,നാലു മാസത്തെ ഭക്ഷണത്തിനു വേണ്ട തുക.

പണം മലയാളി കുടിച്ചു തീര്‍ക്കുന്നു; തമിഴന്‍ പൊട്ടിച്ചു തീര്‍ക്കുന്നു.

Thursday, July 29, 2010

സൂപ്പര്‍ മാര്‍ക്കറ്റ്

വര്‍ണങ്ങളില്‍ പൊതിഞ്ഞു വരിയായ് വച്ചിരിക്കുന്നു
വരുവിനെല്ലാവരും വന്നു വാങ്ങുവിന്‍

ഔഷധം വാങ്ങിയാല്‍ രോഗങ്ങള്‍ ഫ്രീ
ഭക്തി വാങ്ങിക്കൊള്ളൂ പരമാനന്ദം ഫ്രീ

തലച്ചോറ് വാങ്ങിയാല്‍ ചിന്തകള്‍ ഫ്രീ
വാര്‍ത്തകള്‍ ഓരോന്നിനും വിവാദം ഫ്രീ

മതങ്ങള്‍ വാങ്ങുവിന്‍ ജാതിയോ ഫ്രീ
കത്തികള്‍ വാങ്ങിയാല്‍ കഴുത്തുകള്‍ ഫ്രീ

ആയുധം വാങ്ങുവിന്‍ മത്സരം ഫ്രീ
യുദ്ധം വാങ്ങിയാല്‍ സമാധാനം ഫ്രീ

വാങ്ങുവാന്‍ പാങ്ങില്ലെങ്കില്‍ വരൂ, കഴുമരം ഫ്രീ !
ഒട്ടിയ വയറുകള്‍ക്ക് പട്ടിണി ഫ്രീ!

Tuesday, March 9, 2010

ചില്ലുപാത്രം

പുഷ്പാലംകൃതമായ മുറിയില്‍, ആലക്തിക ദീപങ്ങള്‍ക്ക് നടുവില്‍, ഉയര്‍ന്ന പീഠത്തില്‍ അമ്മയിരുന്നു. ധൂപക്കൂടുകളില്‍ നിന്നുള്ള ഗന്ധം അമ്മയെ ചൂഴ്ന്നു നിന്നു.

തുറന്നടഞ്ഞ വാതില്‍ കടന്നുവന്ന ഭക്തന്‍ അമ്മയ്ക്ക് മുന്നില്‍ മുട്ടുകുത്തി. അയാളുടെ കണ്ണിലെ നനവില്‍ ഉള്ളിലെ ഹര്‍ഷം തിളങ്ങി.

"അമ്മേ ഞാന്‍ .. എനിക്ക്.."

ഗദ്ഗദം വാക്കുകളുടെ വായടച്ചു. അയാള്‍ അമ്മയുടെ കണ്ണുകളിലേക്ക് നോക്കി. അമ്മ അയാളെ കൈകളിലേക്ക് ഏറ്റുവാങ്ങി. വാക്കുകള്‍ അയാളുടെ കാതില്‍ മുഴങ്ങി.

" കുഞ്ഞേ നീ ഒന്നും പറയേണ്ട.. അമ്മ എല്ലാം കാണുന്നു .. അമ്മ എല്ലാം അറിയുന്നു.. സന്തോഷത്തോടെ പൊയ്ക്കോളൂ.."

അമ്മ അയാളെ ആശ്ലേഷിച്ചു. ഭക്തന്റെ കണ്ണും മനസ്സും നിറഞ്ഞു. അയാള്‍ പിന്‍വാങ്ങി. പിന്നില്‍ വാതിലടഞ്ഞു.

**********
അവസാനത്തെ ഭക്തനും പോയിക്കഴിഞ്ഞു.

"കുഞ്ഞേ ജലം കൊണ്ടുവരൂ", അമ്മ പറഞ്ഞു. മായാബഹന്‍ അത് കാത്തിരിക്കുകയായിരുന്നു. ചില്ലുപാത്രത്തില്‍ അവള്‍ അമ്മയ്ക്ക് ജലം പകര്‍ന്നു. അപ്പോഴാണു വാതിലില്‍ മുട്ടുകേട്ടത് .

"ആരാണെന്ന് നോക്കൂ കുഞ്ഞേ"

മായാബഹന്റെ മനസ്സൊന്നു പതറി. ചില്ലുപാത്രം നിലത്തെ ജലത്തില്‍ ചിതറിക്കിടന്നു.

"ക്ഷമിക്കണം അമ്മേ.."

അവളോടിപ്പോയി വാതില്‍ തുറന്നു. താലത്തിലെ പഴങ്ങള്‍ അമ്മയ്ക്ക് മുന്നില്‍ വച്ച് പരിചാരിക പിന്‍വാങ്ങി.

ഉടഞ്ഞ ചില്ലുകള്‍ പെറുക്കുമ്പോള്‍ മായാബഹന്റെ മനസ്സ് പുകഞ്ഞു. അവളുടെ ഉള്ളില്‍ ഉരുവം കൊണ്ട വാക്കുകള്‍ ശ്വാസം മുട്ടി പുറത്തേക്ക് വന്നു.

"അമ്മേ തെറ്റെങ്കില്‍.." അമ്മയുടെ മുഖത്തെ സന്ദേഹത്തിലേക്ക് നോക്കി അവള്‍ തുടര്ന്നു: "എല്ലാം കാണുന്ന, അറിയുന്ന അമ്മ.."

അമ്മയുടെ പുരികം വളഞ്ഞു.

"അടഞ്ഞ വാതിലിനപ്പുറം ആരാണെന്നറിഞ്ഞില്ലല്ലോ.."

ഒരു നിമിഷം അമ്മ കണ്ണടച്ചിരുന്നു. പിന്നെ അവരുടെ ഉള്ളില്‍ അച്ചടിച്ച വാക്കുകള്‍ പുറത്തേക്ക് വന്നു:

"നീ ആത്മജ്ഞാനം പ്രാപിച്ചിരിക്കുന്നു. ഇന്ന് മുതല്‍ നീ മായാനന്ദ ദേവി എന്നറിയപ്പെടും. പുതുതായി തുടങ്ങുന്ന ആശ്രമങ്ങളില്‍ നീയാണിനി ദര്‍ശനം നല്‍കേണ്ടത്."