Sunday, November 11, 2007

വിളയാതെ പഴുക്കുന്ന പ്രതിഭകള്‍

കഴിഞ്ഞ ദിവസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്റെ പ്രവചനം ഒരു സ്പോര്‍ട്‌സ്‌ ചാനലില്‍ കണ്ടു. അന്ന് പാകിസ്താനുമായി നടക്കുന്ന ഏകദിന ക്രിക്കറ്റ്‌ കളിയില്‍ അച്ഛന്‍ മാന്‍-ഓഫ്‌-ദ-മാച്ച്‌ ആകുമെന്നും ഇന്‍ഡ്യ -- റണ്‍സിന്‌ ജയികുമെന്നുമൊക്കെ ആയിരുന്നു ഏഴു വയസ്സുകാരന്റെ വിലയിരുത്തല്‍.

അത്‌ കണ്ടപ്പോള്‍ പഴയൊരു ചിന്ത വീണ്ടും മനസ്സിലേക്ക്‌ വന്നു: മാധ്യമങ്ങള്‍ നല്‍കുന്ന അമിതമായ പ്രാധാന്യം വളര്‍ന്നു വരുന്ന പല പ്രതിഭകളേയും നശിപ്പിക്കുന്നില്ലേ?!

മഹാകളിക്കാരനായ സച്ചിന്റെ മകന്‍ മറ്റൊരു പ്രതിഭയാകുമെന്ന് നമുക്ക്‌ ന്യായമായും പ്രതീക്ഷിക്കാം. അതിനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുട്ടിയെ അവന്റെ വഴിക്കുവിടാതെ ചാനലിലേക്കും പത്രത്താളിലേക്കും വലിച്ചു കൊണ്ടുവന്ന് 'വലിയ വായില്‍' വര്‍ത്തമാനം പറയിച്ച്‌ 'പ്രശസ്തനാ'ക്കുന്നതെതിനാണ്‌?

ഏതെങ്കിലും ഒരു കുട്ടി ചാനല്‍ ഷോയില്‍ പങ്കെടുത്ത്‌ സമ്മാനം നേടുകയോ ഒരു സിനിമയില്‍ മുഖം കാണിക്കുകയോ ചെയ്താല്‍ മതി. മാധ്യമങ്ങള്‍ പിന്നെ അവന്റെ/അവളുടെ പിറകെയായി. കുട്ടിയുമായുള്ള അഭിമുഖങ്ങള്‍ 'പ്രതിഭയുടെ' ജീവചരിത്രം, എന്നുവേണ്ട, സ്വകാര്യങ്ങള്‍ വരെ പത്രത്താളുകളിലും ചാനല്‍ ഷോകളിലും നിറയുന്നു. ഇതിനെല്ലാം പിന്തുണയുമായി കുട്ടിയുടെ മാതാപിതാക്കളും. വിവേകമുള്ള മുതിര്‍ന്നവര്‍ക്കു പോലും പ്രശസ്തി തലയ്ക്കുപിടിക്കുമ്പോള്‍ കുട്ടികളുടെ കാര്യം പറയാനുണ്ടോ?! താനെന്തൊക്കെയോ ആണെന്ന് കുട്ടി ധരിച്ചുവശാകുന്നു. തന്റെ കഴിവുകളെ മെച്ചപ്പെടുത്താനുള്ള കുട്ടിയുടെ താല്‍പര്യം അതോടെ കുറയുകയും ചെയ്യും.

കുട്ടികള്‍ക്ക്‌ പ്രോല്‍സാഹനം നല്‍കേണ്ടത്‌ ആവശ്യമാണ്‌. അവര്‍ പ്രശസ്തരാകുന്നതും നല്ല കാര്യം തന്നെ. പക്ഷേ അവരെ തല്ലിപ്പഴുപ്പിക്കരുത്‌. നമ്മുടെ കുട്ടികള്‍ വിളഞ്ഞുതന്നെ പഴുക്കട്ടെ.