Saturday, April 9, 2011

പോളിംഗ് ഡ്യൂട്ടി എന്ന പൊല്ലാപ്പ്

ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും ഡ്യൂട്ടി ഉണ്ടാകുമോ എന്ന ആശങ്കയാണ്‌, ഒപ്പം ഉണ്ടാകല്ലേ എന്ന പ്രാർത്ഥനയും. ഏഴാമത്തെ തവണയും പ്രാർത്ഥന ഇലക്ഷൻ കമ്മീഷൻ കേട്ടില്ല. പ്രാവശ്യം ജോലിയിൽ ഒരു ചെറിയ മാറ്റമുണ്ടെന്നു മാത്രം -- പ്രിസൈഡിങ്ങ് ഓഫീസറിനു പകരം മൈക്രോ ഒബ്സർവർ. നിരീക്ഷകൻ ആയതുകൊണ്ട് കാര്യങ്ങൾഒബ്സർവ് ചെയ്താൽമതി എന്നു നിർദ്ദേശമുണ്ട്. എന്നു വച്ചാൽ, പണിയൊന്നും അധികം ചെയ്യേണ്ട; ചുമ്മാതിരുന്ന്നോക്കുകൂലിവാങ്ങിയാൽ മതി!

കെട്ടിച്ചു വിട്ട പെണ്ണ്‌ കെട്ടിയോനുമായി അടിച്ചുപിരിഞ്ഞ് തിരിച്ചെത്തുമ്പോഴുള്ള വീട്ടുകാരുടെ അവസ്ഥയിലാണ്‌ തെരഞ്ഞെടുപ്പുകാലത്ത് വോട്ടറൻമാർ. പോയ ശേഷം വീട്ടുകാരെയോ ബന്ധുക്കളെയോ തിരിഞ്ഞുനോക്കാത്തപെണ്ണ്‌തിരിച്ചെത്തിയാൽ പിന്നെ കരച്ചിലായി, പിഴിച്ചിലായി, ബന്ധം പുതുക്കലായി! ‘മണ്ഡലം നിറഞ്ഞുനില്ക്കുന്നസാധനത്തിനെ എങ്ങനെങ്കിലും പറഞ്ഞയച്ചാലേ നാട്ടുകാർക്ക് കിടക്കപ്പൊറുതി കിട്ടൂ! ഉച്ചാടനച്ചടങ്ങിന്റെ കർമികളാണ്‌ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ. (തുണ്ട്: പണ്ട് ഒരനൗൺസർ വച്ചു കാച്ചിയത്: “... നാട്ടിലെ അമ്മ പെങ്ങന്മാർക്ക് സമാധാനമായി കിടന്നുറങ്ങാൻ നമ്മുടെ സ്ഥാനാർത്ഥിയെ ജയിപ്പിച്ച് പാർലമെന്റിലേക്കയയ്ക്കുക”.)

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായി പണി കിട്ടിയാൽ ആദ്യത്തെ പരിപാടി പരിശീലനക്ലാസ്സാണ്‌. ‘നിങ്ങളൊക്കെ പലതവണ തെരഞ്ഞെടുപ്പ് ജോലിയ്ക്ക് പോയിട്ടുള്ളതിനാൽ ഡ്യൂട്ടിയെപ്പറ്റി കൂടുതൽ പറയേണ്ടല്ലോഎന്നപണിതീർക്കൽവാക്യത്തിൽ തുടങ്ങി, ‘നിങ്ങളുടെ ടീമിലെ മറ്റംഗങ്ങളെ ബന്ധപ്പെടുകയും ഡ്യൂട്ടികളെപ്പറ്റി ചർച്ച ചെയ്യുകയും വേണംഎന്ന ഉപദേശത്തിൽ അവസാനിക്കുന്ന പരിപാടിയാണത്. (തുണ്ട്: ഉപദേശം ഒരു വനിതാപോളിങ്ങ് ഓഫീസർ കാര്യമായി എടുത്തത് വലിയ പുകിലായി. രാത്രി ഒൻപതുമണി കഴിഞ്ഞപ്പോഴാണ്‌ സ്ത്രീരത്നത്തിന്‌ സംശയത്തിന്റെ ഉൾവിളിയുണ്ടായത്. ഫോണെടുത്തതോ ഭാര്യയും. ചർച്ചയൊക്കെ കെങ്കേമമായി നടന്നു. പക്ഷെ അന്നു മാത്രമല്ല, ആഴ്ചമുഴുവൻ വീട്ടിലെ പോളിംഗ് മുടങ്ങി.)

രണ്ടാം രംഗം അരങ്ങേറുന്നത് വോട്ടെടുപ്പ് തീയതിയുടെ തലേന്നാണ്‌. അന്നു രാവിലെതന്നെ ഉദ്യോഗ്സ്ഥർ, പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്ന കേന്ദ്രത്തിലെത്തണം. പണ്ടു കവി പാടിയപോലെഒരു നിശ്ചയവുമില്ലൊന്നിനുംഎന്ന സ്ഥിതി ആയിരിക്കും അവിടെ. പരീക്ഷാദിവസം കുട്ടികൾ പരീക്ഷാഹാൾ തപ്പി ഓടുന്നതുപോലെ ഉദ്യോഗസ്ഥർ തലങ്ങുംവിലങ്ങും മണ്ടിനടക്കും, സാധനങ്ങൾ വിതരണം ചെയ്യുന്ന മുറി കണ്ടുപിടിക്കാൻ. പ്രിസൈഡിങ്ങ് ഓഫീസറുടെ പണി കുറച്ചുകൂടി കടുപ്പമാണ്‌. ടീമിലുള്ള എല്ലാ അംഗങ്ങളെയും കണ്ടുപിടിക്കണം. ചിലരൊക്കെ ആണിരോഗം, ഭാര്യയുടെ പ്രസവം, ഭർത്താവിന്റെ പ്രണയം തുടങ്ങി വിവിധകാരണങ്ങൾ കാണിച്ച് ഡ്യൂട്ടിയിൽ നിന്ന് ഒഴിവായിട്ടുണ്ടാവും. ഒഴിവാക്കിക്കൊടുത്തവർ, പ്രിസൈഡിങ്ങ് ഓഫീസർ ചെന്നുപറയുന്നതു വരെ, പകരം ആളിനെ നിയമിക്കില്ല!

വിതരണം ചെയ്യുന്ന സാധനങ്ങൾക്കൊപ്പം ഒരു നീണ്ട ലിസ്റ്റും തരും. ചെക്ക് മെമ്മോ എന്നു പേരുള്ള ലിസ്റ്റിലുള്ള സാധനങ്ങൾ എല്ലാം തന്നിട്ടുണ്ടോ എന്നു നോക്കണം. ഉദ്യോഗസ്ഥർക്ക് സൗകര്യമായി ഇരുന്നു നോക്കാനായി മരച്ചുവടുകൾ, തിണ്ണകൾ എന്നിവ സജ്ജമാക്കിയിരിക്കും! തരുന്ന സാധനങ്ങളിൽ ബാലറ്റ്പേപ്പർ, വോട്ടറന്മാരുടെ ലിസ്റ്റ് എന്നിവ കൃത്യമായുണ്ടാവും. ബാക്കിയൊക്കെ കണക്കുതന്നെ: എഴുന്നേറ്റു നില്ക്കാൻ തന്നെ ശേഷിയില്ലാത്ത മെഴുകുതിരി. തീയിലിട്ടാൽ പോലും കത്താത്ത തീപ്പെട്ടി. എഴുതാനൊഴികെ എന്തിനും ഉപയോഗിക്കാവുന്ന പേനകൾ, കർത്താവിനെ കുരിശിൽ തറയ്ക്കാൻ ഉപയോഗിച്ചതിനു ശേഷം ബാക്കിയായ മൊട്ടുസൂചികൾ, കാർബൺപേപ്പറിന്റെ അകന്ന താവഴിയിൽ പെട്ട കറുത്ത ഏതാനും പേപ്പറുകൾ, പെരുന്തച്ചൻ പണ്ടുകുഴിച്ച കുളം പോലെ ആകൃതിയേതെന്നു നിശ്ചയമില്ലാത്ത കവറുകൾ, പച്ച വെള്ളത്തിൽ നിന്നെടുത്ത ഇങ്ക് കൊണ്ടുണ്ടാക്കിയ ഇങ്ക് പാഡുകൾ -- അങ്ങനെ ഒരുകൂട്ടം സാധനങ്ങൾ. ഏതൊക്കെ കവറുകളും ഫോമുകളും എത്രയെണ്ണം വേണമെന്ന് കമ്മീഷൻ കൃത്യമായി നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ തരുന്നതോ, പച്ചക്കറിക്കടക്കാരന്റെ സാമ്പാർ കൂട്ട് പോലിരിക്കും -- വേണ്ടതൊന്നും കാണുകയില്ല; വേണ്ടാത്തത് ധാരാളം കാണുകയും ചെയ്യും! എല്ലാം എണ്ണിപ്പെറുക്കുമ്പോഴേക്ക് പോളിംഗ് സ്റ്റേഷനിൽ പോകാനുള്ള വാഹനമെത്തും.

മിക്കവാറും ഏതെങ്കിലും ഒരംഗനവാടിയോ ചെറിയ സ്കൂളോ ആയിരിക്കും പോളിംഗ് സ്റ്റേഷൻ. വലിയ സ്കൂളാണെങ്കിൽ തന്നെ നല്ല മുറികളൊന്നും സ്കൂൾ അധികൃതർ നല്കിയിട്ടുണ്ടാവില്ല. എങ്ങനെയായാലും ചില കാര്യങ്ങൾ മിക്കവാറും ഉറപ്പാണ്‌: ജനലുകൾക്ക് പാളികളുണ്ടാവില്ല; വാതിൽ കൃത്യമായി അടയില്ല; വൈദ്യുത സംവിധാനം കാണുകയേ ഇല്ല. മഴവെള്ള സംഭരണത്തിനായി മേൽക്കൂരയിൽപ്രത്യേക സംവിധാനങ്ങൾഉണ്ടായിരിക്കും. മുറിയിലുള്ള ഡെസ്കുകളുടെയും ബെഞ്ചുകളുടേയും ആട്ടം കണ്ടാൽകലാമാസ്റ്ററുടെവീട്ടിൽനിന്നു കൊണ്ടു വന്നവയാണെന്നു തോന്നും!

പോളിംഗ് സ്റ്റേഷനിൽ എത്തിക്കഴിഞ്ഞാൽ ആദ്യത്തെ പണി തീറ്റ തേടലാണ്‌. പലപ്പോഴും അടുത്ത പ്രദേശത്തൊന്നും ഒരു കടപോലും ഉണ്ടാകില്ല. ഉണ്ടെങ്കിൽ തന്നെഒരിടത്ത്മോഡൽ ആയിരിക്കും -- ‘ജീവപര്യന്തംകിട്ടി അലമാരയിൽ കഴിയുന്ന വടയോ ഉണ്ണിയപ്പമോ കാണും!

ഇതാണ്‌ഇൻപുട്ടിന്റെകാര്യമെങ്കിൽഔട്പുട്ടിന്റെകാര്യം ഇനിയും കഷ്ടമാണ്‌. കക്കൂസുകൾ മിക്കവാറും യൂറിയ ഫാൿടറികളായിരിക്കും. അകത്തിരിക്കണമെങ്കിൽ ഒന്നുകിൽ പാടണം, അല്ലെങ്കിൽ വാതിൽ തള്ളിപ്പിടിക്കണം! ചിലപ്പോൾ. സൗകര്യം പോലുമില്ലാത്ത അവസരങ്ങളും ഉണ്ടാകാറുണ്ട്. അങ്ങനെയെങ്കിൽ വെളുപ്പിന്‌ നാലു മണിയാകുമ്പോൾ എല്ലാവരും ടോർച്ചുമായി ഇറങ്ങും. പറമ്പിൽ ഓരോരുത്തരും ടോർച്ചിന്റെ വെളിച്ചത്തിൽ സ്വന്തം ബൂത്ത് മാർക്ക് ചെയ്യും. അപ്പോഴേക്കും ചുറ്റുമുള്ള പട്ടികൾ മുദ്രാവാക്യം വിളി തുടങ്ങും. ഒരു വിധത്തിൽ പോളിംഗ് കഴിച്ച് അടുത്തുള്ള തോട്ടിലോ കുളത്തിലോ ഇറങ്ങി ബാക്കിയുള്ള പോളിംഗ് സാമഗ്രികൾ കൈമാറിക്കഴിഞ്ഞാലേ ശ്വാസം നേരേ വീഴൂ. കുളിയും പലപ്പോഴും ഒരുപൊതുപരിപാടിയാണ്‌. (തുണ്ട്: ഒരിക്കൽ കന്യാസ്ത്രീകളുടെ ഹോസ്റ്റലിനടുത്തുള്ള ഒരു ചെറിയ സ്കൂളായിരുന്നു പോളിങ്ങ് സ്റ്റേഷൻ. കുളിമുറിയൊന്നുമില്ല. കുട്ടികൾ ഉപയോഗിക്കുന്ന ഒരു ടാപ്പ് മാത്രം. നാലു മണിക്കേ കുളിക്കാൻ ഇറങ്ങി. കൈലി നനയ്ക്കേണ്ടെന്നു കരുതി തോർത്ത് മാത്രമേ എടുത്തുള്ളൂ. കുളിച്ചിട്ട് തല തോർത്തുമ്പോൾ ഹോസ്റ്റലിന്റെ ജനൽ ആരോ തുറന്നു. വെളിച്ചം കൃത്യമായി നേരേ ദേഹത്തു തന്നെ വീണു. അടുത്തു നിന്ന വാഴയാണ്‌ മാനം രക്ഷിച്ചത്!)

പോളിങ്ങ് സംഘത്തിൽ സ്ത്രീകളുണ്ടെങ്കിൽ പ്രിസൈഡിംഗ് ഓഫീസർക്ക് തലവേദനയാണ്‌. വൈകുന്നേരമാകുമ്പോൾ അവർക്കു വീട്ടിൽ പോകണം. ‘ഞങ്ങൾ രാവിലെ ആറുമണിക്ക് തന്നെയെത്താം സാർഎന്നൊരുറപ്പും നല്കും. ‘പോകാൻ പാടില്ലാത്തതാണ്‌.. പിന്നെ നിങ്ങളുടെ സ്വന്തം റിസ്കിൽ പോകാംഎന്നൊക്കെ ബലം പിടിക്കുമെങ്കിലും, അവർ പോകണമെന്നു തന്നെയായിരിക്കും പ്രിസൈഡിംഗ് ഓഫീസറുടെ ആഗ്രഹം. യാതൊരു അടച്ചുറപ്പോ സുരക്ഷയോ ഇല്ലാത്ത മുറികളിൽ സ്ത്രീകളെങ്ങനെ കഴിയും. രാത്രിയിൽ കൂടെയുള്ള എതെങ്കിലും ഒരുത്തന്‌ ബൂത്ത്‌ പിടിക്കണമെന്നെങ്ങാനും തോന്നിയാൽ പിന്നെ നാട്ടുകാർ കൂട്ടപോളിംഗ് നടത്തി എല്ലാവരേയും പര‘ലോക്സഭ’യിലെത്തിച്ചതു തന്നെ! (തുണ്ട്: ഒരിക്കൽ ഒരു വനിതാ പോളിങ്ങ് ഓഫീസർ ചോദിച്ചത് ഇങ്ങനെ: “സാർ, നാളെ എനിക്കു പകരം ‘ഹസ്’ വന്നാൽ മതിയോ?”)

അടച്ചുറപ്പില്ലാത്ത മുറിയാണെങ്കിൽ പ്രിസൈഡിങ്ങ് ഓഫീസർ രാത്രി മുഴുവൻ ബാലറ്റുപേപ്പറും/വോട്ടിങ്ങ് മെഷീനും കെട്ടിപ്പിടിച്ചിരിക്കേണ്ടി വരും. ഡ്യൂട്ടിയിലുള്ള പൊലീസുകാരൻഫ്ളാറ്റ്ആയിട്ടുണ്ടെങ്കിൽ -- പലപ്പോഴും അങ്ങനെയാണ്‌-- പ്രത്യേകിച്ചും. കൊതുകുകളുടെ കനത്ത പോളിങ്ങ് ഉണ്ടായിരിക്കുമെന്നതിനാൽ ഉറങ്ങാനും കഴിയില്ല. ചേർത്തിട്ട ഡെസ്ക്കുകളിൽ ഊഞ്ഞാലാടി നേരം വെളുപ്പിക്കാം.


രാവിലെ വോട്ടെടുപ്പ് തുടങ്ങിക്കഴിഞ്ഞാൽ പിന്നെ നിന്നുതിരിയാൻ നേരമുണ്ടാവില്ല. ഞങ്ങൾ സർക്കാർ ഉദ്യോഗസ്ഥർ ശരിക്കുംമെയ്യനങ്ങിപണിയെടുക്കുന്ന ദിവസമാണത്. പലവിധ പ്രശ്നങ്ങൾ, തർക്കങ്ങൾ, തമാശകൾ -- അങ്ങനെ പോകും. (വോട്ടെടുപ്പുദിവസത്തെ രസകരങ്ങളായ അനുഭവങ്ങളെക്കുറിച്ചെഴുതാൻ വേറൊരു ബ്ലോഗ് പോസ്റ്റ് തന്നെ വേണം.) വൈകുന്നേരത്തെ കലാശക്കൊട്ടാണ്‌ ഏറ്റവും വിഷമകരം. അനവധി ഫോമുകൾ, കവറുകൾ, ഒട്ടിക്കൽ, സീൽ ചെയ്യൽ, കോപ്പി കൊടുക്കൽ-- അങ്ങനെ നൂറു കാര്യങ്ങൾ.

എല്ലാം പെറുക്കിക്കൂട്ടി കളക്ഷൻ കേന്ദ്രത്തി എത്തിയാലും പ്രശ്നങ്ങൾ തീരില്ല. തലേന്ന് നമ്മളെസ്നേഹിച്ചു യാത്രയാക്കിയവർചോദ്യങ്ങൾ ചോദിച്ച് നമ്മളെ വലയ്ക്കും- ഫോമെവിടെ, ഇതിങ്ങനെയാണോ പൂരിപ്പിക്കേണ്ടത്, നിങ്ങൾ ശരിയാക്കി കൊണ്ടുവരണം എന്നിങ്ങനെ നൂറൂ-നൂറു കുനുഷ്ടുകൾ. പാതിരാത്രിയാവും പലപ്പോഴും പണി കഴിയാൻ.

തീർച്ചയായും തെരഞ്ഞെടുപ്പു ജോലികളിൽ സഹകരിക്കുന്നത് ഒരു പൗരൻ എന്ന നിലയിലും സർക്കാർ ഉദ്യോഗ്സ്ഥൻ എന്ന നിലയിലും ഒരു വ്യക്തിയുടെ കടമയാണ്‌. പക്ഷേ, ആസൂത്രണത്തിലും സംഘാടനത്തിലും കാണിക്കുന്ന അനാസ്ഥയും പിടിപ്പുകേടും കാരണം പോളിങ്ങ് ഉദ്യോഗസ്ഥർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ അനവധിയാണ്‌.

തമിഴ്നാട്ടിൽ പോളിങ്ങിനുള്ള സംവിധാനങ്ങൾ കുറേക്കൂടി മെച്ചപ്പെട്ടതാണ്‌. അവിടെ പോളിങ്ങ് ഉദ്യോഗ്സ്ഥർ വോട്ടെടുപ്പിന്റെ തലേന്ന് നേരിട്ട് പോളിങ്ങ് സ്റ്റേഷനിൽ എത്തിയാൽ മതി. പത്തു ബൂത്തിന്‌ ഒരു ഓഫീസറെ നിയമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചുമതലയിൽ, പോളിങ്ങ് സാമഗ്രികൾ സ്റ്റേഷനിൽ നേരിട്ടെത്തിക്കും. അതു പോലെ വൈകുന്നേരം വൊട്ടെടുപ്പ് പൂർത്തിയായാൽ, ബൂത്തിൽ വന്ന് എല്ലാ സാധനങ്ങളും വാങ്ങുകയും ചെയ്യും. അതു കഴിഞ്ഞാൽ പോളിങ്ങ് ഉദ്യോഗസ്ഥർക്ക് പോകാം. ഇവിടുത്തെപ്പോലെ, പെട്ടി ചുമക്കലും പാതിരാത്രി വരെ പോളിങ്ങ് സ്റ്റേഷനിലും കളക്ഷൻ കേന്ദ്രത്തിലും കാവൽ കിടക്കലും ഒന്നുമില്ല! ഒരേ ഇലക്ഷൻ കമ്മീഷൻ നടത്തുന്ന തെരഞ്ഞെടുപ്പിൽ എന്തു കൊണ്ടാണ്‌ പല രീതികൾ?!

ഓരോ ഇലക്ഷൻ കഴിയുമ്പോഴും കരുതും, അടുത്ത തവണയെങ്കിലും ആസൂത്രണത്തിലും, സംഘാടനത്തിലും കുറേക്കൂടി പുരോഗതിയുണ്ടാകുമെന്ന്. പക്ഷേ, മൂഷികസ്ത്രീ പിന്നെയും മൂഷികസ്ത്രീ തന്നെ!

ഇത്തവണ
എങ്ങനെ ഇരിക്കുമോ, ആവോ?!









2 comments:

Areekkodan | അരീക്കോടന്‍ said...

അത് ശരി...ഇത്തവണ അപ്പോള്‍ പുതിയ പണി അല്ലേ? എന്റെ എലക്ഷന്‍ അനുഭവങ്ങള്‍ എല്ലാം കൂടി ഇതാ ഇവിടെ.http://abidiba.blogspot.com/

AparnaRenu said...

🤣ഉഗ്രൻ, സർ!