സായിപ്പിന്റെ അടിമത്തത്തില്‍ നിന്നു നാം മോചനം നേടിയിട്ട് 61 വര്‍ഷങ്ങള്‍ കഴിയുന്നു. എന്നിട്ടും സായിപ്പിനോടുള്ള മാനസിക അടിമത്തം നമ്മെ വിട്ടു പോയിട്ടുണ്ടോ? നമ്മുടെ നാട്ടിലെ ചില കാഴ്ചകള്‍ അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു.
കുറച്ചു കാലം മുന്‍പ് ഇന്‍ഡ്യയിലെ ഒരു പ്രമുഖ ഐ ടി കമ്പനിയില്‍ നടന്ന ചടങ്ങില്‍ ദേശീയ ഗാനം ഒഴിവാക്കിയ സംഭവം ഓര്‍മ വരുന്നു. ചടങ്ങില്‍ പങ്കെടുക്കുന്ന വിദേശികള്‍ക്ക് അലോസരം ഉണ്ടാകുമെന്നായിരുന്നു കമ്പനിയുടെ തലവന്‍ അതിനു പറഞ്ഞ കാരണം. രാഷ്ട്രത്തലവന്‍ കൂടി പങ്കെടുത്ത ചടങ്ങായിരുന്നെന്നാണോര്‍മ.
മറ്റൊരു സംഭവം: അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്‍ഡ്യാ സന്ദര്‍ശന വേളയില്‍, അദ്ദേഹം വിമാനത്താവളത്തില്‍ നിന്നു താന്‍ താമസിക്കുന്ന ഹോട്ടലില്‍ എത്തിക്കഴിഞ്ഞിട്ടാണ് സ്വീകരിക്കാനെത്തിയ ‘നമ്മുടെ’ പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ നിന്നു പുറത്തു പോകാന്‍ അനുവദിച്ചത്!!
ഇനി എന്റെ ഒരു സുഹൃത്തിനുണ്ടായ അനുഭവം കേള്‍ക്കുക:
അദ്ദേഹം മുംബയിലെ അന്താരാഷ്ട്ര പ്രസിദ്ധമായ ഒരു ഗവേഷണ സ്ഥാപനത്തില്‍ പോയപ്പോള്‍ കണ്ടതാണ്. എല്ലാ കക്കൂസുകളും പടിഞ്ഞാറന്‍ മാതൃകയില്‍ (Western Style) ഉള്ളവയാണ്. എന്നു മാത്രമല്ല അവയിലൊന്നും വാട്ടര്‍ റ്റാപ്പുകളോ വെള്ളം പകര്‍ന്നെടുക്കാന്‍ പാത്രങ്ങളോ ഇല്ല. ഫ്ളെഷും റ്റോയ്‌ലറ്റ് പേപ്പറും മാത്രം! വെള്ളമുള്ള ഇടം നോക്കി നടന്നിട്ട് കാണാതെയായപ്പോള്‍, അത്യാവശ്യക്കാരനായതിനാല്‍, അദ്ദേഹത്തിന് കടലാസ് കൊണ്ട് ‘കാര്യം’ സാധിക്കേണ്ടി വന്നു!
മറ്റൊരു രാജ്യവും സ്വന്തം പൈതൃകവും അഭിമാനവും രീതികളും ഇങ്ങനെ അടിയറ വയ്ക്കുമെന്ന് തോന്നുന്നില്ല. നമ്മുടെ നാട്ടുകാര്‍ തിന്നുമുടിക്കുകയാണെന്ന് ബുഷ് പറഞ്ഞപ്പോള്‍ വാ തുറക്കാതെ വിധേയത്വം കാട്ടിയ പ്രധാനമന്ത്രിയുള്ള നാട്ടില്‍ ഇങ്ങനെയൊക്കെ നടന്നില്ലെങ്കിലാണദ്ഭുതം.
ചെങ്കോട്ടയില്‍ വിദേശിയുടെ കൊടി പാറുന്ന കാലം വീണ്ടും വരാതിരിക്കട്ടെ!
2 comments:
സായിപ്പിന്റെ അടിമത്തത്തില്‍ നിന്നു നാം മോചനം നേടിയിട്ട് 61 വര്‍ഷങ്ങള്‍ കഴിയുന്നു. എന്നിട്ടും സായിപ്പിനോടുള്ള മാനസിക അടിമത്തം നമ്മെ വിട്ടു മാറിയിട്ടണ്ടോ?
ശരിക്കും ചിന്തിക്കേണ്ടിയിരിക്കുന്നു
:) എന്തു പറയാന്‍. താമസിയാതെ സായിപ്പിന്റെ ജി.എം വിത്തുകള്‍ കൃഷി ഇടങ്ങള്‍ കീഴടക്കും. അതൊക്കെ നമ്മള്‍ തിന്ന് നല്ലതൊക്കെ കയറ്റുമതി ചെയ്യും.
Post a Comment