Tuesday, March 9, 2010

ചില്ലുപാത്രം

പുഷ്പാലംകൃതമായ മുറിയില്‍, ആലക്തിക ദീപങ്ങള്‍ക്ക് നടുവില്‍, ഉയര്‍ന്ന പീഠത്തില്‍ അമ്മയിരുന്നു. ധൂപക്കൂടുകളില്‍ നിന്നുള്ള ഗന്ധം അമ്മയെ ചൂഴ്ന്നു നിന്നു.

തുറന്നടഞ്ഞ വാതില്‍ കടന്നുവന്ന ഭക്തന്‍ അമ്മയ്ക്ക് മുന്നില്‍ മുട്ടുകുത്തി. അയാളുടെ കണ്ണിലെ നനവില്‍ ഉള്ളിലെ ഹര്‍ഷം തിളങ്ങി.

"അമ്മേ ഞാന്‍ .. എനിക്ക്.."

ഗദ്ഗദം വാക്കുകളുടെ വായടച്ചു. അയാള്‍ അമ്മയുടെ കണ്ണുകളിലേക്ക് നോക്കി. അമ്മ അയാളെ കൈകളിലേക്ക് ഏറ്റുവാങ്ങി. വാക്കുകള്‍ അയാളുടെ കാതില്‍ മുഴങ്ങി.

" കുഞ്ഞേ നീ ഒന്നും പറയേണ്ട.. അമ്മ എല്ലാം കാണുന്നു .. അമ്മ എല്ലാം അറിയുന്നു.. സന്തോഷത്തോടെ പൊയ്ക്കോളൂ.."

അമ്മ അയാളെ ആശ്ലേഷിച്ചു. ഭക്തന്റെ കണ്ണും മനസ്സും നിറഞ്ഞു. അയാള്‍ പിന്‍വാങ്ങി. പിന്നില്‍ വാതിലടഞ്ഞു.

**********
അവസാനത്തെ ഭക്തനും പോയിക്കഴിഞ്ഞു.

"കുഞ്ഞേ ജലം കൊണ്ടുവരൂ", അമ്മ പറഞ്ഞു. മായാബഹന്‍ അത് കാത്തിരിക്കുകയായിരുന്നു. ചില്ലുപാത്രത്തില്‍ അവള്‍ അമ്മയ്ക്ക് ജലം പകര്‍ന്നു. അപ്പോഴാണു വാതിലില്‍ മുട്ടുകേട്ടത് .

"ആരാണെന്ന് നോക്കൂ കുഞ്ഞേ"

മായാബഹന്റെ മനസ്സൊന്നു പതറി. ചില്ലുപാത്രം നിലത്തെ ജലത്തില്‍ ചിതറിക്കിടന്നു.

"ക്ഷമിക്കണം അമ്മേ.."

അവളോടിപ്പോയി വാതില്‍ തുറന്നു. താലത്തിലെ പഴങ്ങള്‍ അമ്മയ്ക്ക് മുന്നില്‍ വച്ച് പരിചാരിക പിന്‍വാങ്ങി.

ഉടഞ്ഞ ചില്ലുകള്‍ പെറുക്കുമ്പോള്‍ മായാബഹന്റെ മനസ്സ് പുകഞ്ഞു. അവളുടെ ഉള്ളില്‍ ഉരുവം കൊണ്ട വാക്കുകള്‍ ശ്വാസം മുട്ടി പുറത്തേക്ക് വന്നു.

"അമ്മേ തെറ്റെങ്കില്‍.." അമ്മയുടെ മുഖത്തെ സന്ദേഹത്തിലേക്ക് നോക്കി അവള്‍ തുടര്ന്നു: "എല്ലാം കാണുന്ന, അറിയുന്ന അമ്മ.."

അമ്മയുടെ പുരികം വളഞ്ഞു.

"അടഞ്ഞ വാതിലിനപ്പുറം ആരാണെന്നറിഞ്ഞില്ലല്ലോ.."

ഒരു നിമിഷം അമ്മ കണ്ണടച്ചിരുന്നു. പിന്നെ അവരുടെ ഉള്ളില്‍ അച്ചടിച്ച വാക്കുകള്‍ പുറത്തേക്ക് വന്നു:

"നീ ആത്മജ്ഞാനം പ്രാപിച്ചിരിക്കുന്നു. ഇന്ന് മുതല്‍ നീ മായാനന്ദ ദേവി എന്നറിയപ്പെടും. പുതുതായി തുടങ്ങുന്ന ആശ്രമങ്ങളില്‍ നീയാണിനി ദര്‍ശനം നല്‍കേണ്ടത്."






4 comments:

അബ്ദുണ്ണി said...

ഗദ്ഗദം വാക്കുകളുടെ വായടച്ചു. അയാള്‍ അമ്മയുടെ കണ്ണുകളിലേക്ക് നോക്കി. അമ്മ അയാളെ കൈകളിലേക്ക് ഏറ്റുവാങ്ങി.


പുതിയ പോസ്റ്റ്‌ "ചില്ലുപാത്രം" കാണുക . അഭിപ്രായം അറിയിക്കുക

Areekkodan | അരീക്കോടന്‍ said...

ഹ ഹ ഹാ...അങ്ങനെ അടുത്ത സ്വാമിനിയും ഭൂജാതയായി !!!!

Irfan Haneef said...

very good.. contemporary.. atanja vaathilinappuram aaranennariyaatha ammamaar, swantham muriyile olicamera(hidden camera) ariyaatha athindreeya njaanikal,....

VINOD JAMES said...

നന്നായിരിക്കുന്നു ..