Thursday, January 8, 2015

ഒരു ചിത്രം, ഓർമ്മയുടേത്

സർക്കാർ വക ഗട്ടറുകളിൽ വീണ്  ഊഞ്ഞാലാടുന്ന സർക്കാർ  ബസിൽ, മുൻ സീറ്റിലേക്ക് തല ചായ്ച് ഞാൻ കഷട്പ്പെട്ടുണ്ടാക്കിയ ഉറക്കമാണ് അടുത്തിരുന്ന യാത്രക്കാരന്റെ ഒച്ചയിൽ  മുറിഞ്ഞു പോയത്.

 അയാളുടെ പഴ്സ് കാണാനില്ലത്രേ! ഞാൻ എന്റെ പോക്കറ്റിൽ പരതി  പഴ്സുണ്ടോ എന്ന് നോക്കുകയും (ആദ്യം സ്വന്തം കാര്യം) അത് എന്റേത് തന്നെ എന്ന് ഉറപ്പ് വരുത്തുകയും  ചെയ്തു (ഇനി ഉറക്കത്തിലെങ്ങാനും ഞാൻ ...). 

മുൻപിൽ ടിക്കറ്റ് വിറ്റു കൊണ്ടിരുന്ന കണ്ടക്ടർ ബഹളം കെട്ട്  തിക്കിത്തിരക്കി വന്നു.
"എന്ത് പറ്റി?"
"സാർ, എന്റെ പഴ്സ് കാണുന്നില്ല . ടിക്കറ്റെടുക്കുമ്പോൾ ഉണ്ടായിരുന്നു ." 

തിരക്കിട്ട് താഴെയെല്ലാം തിരയുന്നതിനിടയിൽ അയാൾ  കരഞ്ഞേക്കുമെന്ന് തോന്നി.

"ആരെങ്കിലും ഇയാളുടെ പഴ്സ് എടുത്തെങ്കിൽ തിരിച്ചു കൊടുക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ വണ്ടി സ്റ്റേഷനിലേക്ക് വിടേണ്ടി വരും..." എല്ലാവരോടുമാണ് കണ്ടക്ടർ പറഞ്ഞതെങ്കിലും  അയാളുടെ കണ്ണ് എന്റെ മുഖത്തായിരുന്നു.

ഒടുവിൽ  സീറ്റിനടിയിൽ നിന്ന് പഴ്സ് കിട്ടിയപ്പോഴാണ്    യാത്രക്കാരന്റെ   വെപ്രാളം തീർന്നത് . കിട്ടിയ പാടേ  പഴ്സിനുള്ളിൽ അയാൾ ധൃതിപ്പെട്ട് പരതുന്നത് ഞങ്ങൾ ഏന്തി വലിഞ്ഞു നോക്കി. ഏതാനും ചെറിയ നോട്ടുകൾ മാത്രമേ ഉള്ളൂ അതിൽ.

"ഈ പത്തു-നാല്പതു 'ഉലുവായ്ക്ക് വേണ്ടിയാണോ ഇയാള് കിടന്നലച്ചത്' എന്നു  പറഞ്ഞു കൊണ്ട്  കണ്ടക്ടർ കച്ചവടത്തിന് പോയി.

അയാൾ  എന്താണിങ്ങനെ തപ്പുന്നത് എന്നാലോചിക്കുമ്പോഴാണ്‌ കണ്ടത്. നോട്ടുകൾക്കിടയിൽ മുഷിഞ്ഞു മങ്ങിയ ഒരു ഒരു  കൊച്ചുകുട്ടിയുടെ  പഴയ ഫോട്ടോ. അതു കണ്ടതോടെ അയാൾ  ശാന്തനായി . എന്റെ കൗതുകം മനസിലായിട്ടെന്ന പോലെ , അയാൾ പറഞ്ഞു: 'മോന്റെയാ...പഴയത് ... "

മോൻ ഇപ്പോൾ എന്തു  ചെയ്യുന്നു?" എന്തെങ്കിലും പറയണമല്ലോ എന്ന് കരുതി സൗഹൃദം ഭാവിച്ച് ചോദിച്ചു.

"അറിഞ്ഞു കൂടാ..."
"?!"
"അവനെ പതിനെട്ട് വർഷം മുൻപ്  കാണാതായതാണ് " 

അതും പറഞ്ഞ്  അയാൾ  സീറ്റിലേക്ക് ചാരി കണ്ണടച്ചിരുന്നു.

അയാൾക്ക്  സൗകര്യമായിട്ടിരിക്കാൻ ഞാൻ ഒതുങ്ങിക്കൊടുത്തു.  അത്രയെങ്കിലും ചെയ്യേണ്ടേ.