എന്റെ പുറംകാഴ്ചകള്‍, ഉള്‍ക്കാഴ്ചകള്‍, ഭാവനകള്‍, ഭാവനാരാഹിത്യങ്ങള് അങ്ങനെ പലതും (എന്റെ മിശ്രണം; എന്റെ തന്നെ പാക്കിംഗ്)
Thursday, July 29, 2010
സൂപ്പര്‍ മാര്‍ക്കറ്റ്
വരുവിനെല്ലാവരും വന്നു വാങ്ങുവിന്‍
ഔഷധം വാങ്ങിയാല്‍ രോഗങ്ങള്‍ ഫ്രീ
ഭക്തി വാങ്ങിക്കൊള്ളൂ പരമാനന്ദം ഫ്രീ
തലച്ചോറ് വാങ്ങിയാല്‍ ചിന്തകള്‍ ഫ്രീ
വാര്‍ത്തകള്‍ ഓരോന്നിനും വിവാദം ഫ്രീ
മതങ്ങള്‍ വാങ്ങുവിന്‍ ജാതിയോ ഫ്രീ
കത്തികള്‍ വാങ്ങിയാല്‍ കഴുത്തുകള്‍ ഫ്രീ
ആയുധം വാങ്ങുവിന്‍ മത്സരം ഫ്രീ
യുദ്ധം വാങ്ങിയാല്‍ സമാധാനം ഫ്രീ
വാങ്ങുവാന്‍ പാങ്ങില്ലെങ്കില്‍ വരൂ, കഴുമരം ഫ്രീ !
ഒട്ടിയ വയറുകള്‍ക്ക് പട്ടിണി ഫ്രീ!
Tuesday, March 9, 2010
ചില്ലുപാത്രം
"അമ്മേ ഞാന്‍ .. എനിക്ക്.."
ഗദ്ഗദം വാക്കുകളുടെ വായടച്ചു. അയാള്‍ അമ്മയുടെ കണ്ണുകളിലേക്ക് നോക്കി. അമ്മ അയാളെ കൈകളിലേക്ക് ഏറ്റുവാങ്ങി. വാക്കുകള്‍ അയാളുടെ കാതില്‍ മുഴങ്ങി.
" കുഞ്ഞേ നീ ഒന്നും പറയേണ്ട.. അമ്മ എല്ലാം കാണുന്നു .. അമ്മ എല്ലാം അറിയുന്നു.. സന്തോഷത്തോടെ പൊയ്ക്കോളൂ.."
അമ്മ അയാളെ ആശ്ലേഷിച്ചു. ഭക്തന്റെ കണ്ണും മനസ്സും നിറഞ്ഞു. അയാള്‍ പിന്‍വാങ്ങി. പിന്നില്‍ വാതിലടഞ്ഞു.
"കുഞ്ഞേ ജലം കൊണ്ടുവരൂ", അമ്മ പറഞ്ഞു. മായാബഹന്‍ അത് കാത്തിരിക്കുകയായിരുന്നു. ചില്ലുപാത്രത്തില്‍ അവള്‍ അമ്മയ്ക്ക് ജലം പകര്‍ന്നു. അപ്പോഴാണു വാതിലില്‍ മുട്ടുകേട്ടത് .
"ആരാണെന്ന് നോക്കൂ കുഞ്ഞേ"
മായാബഹന്റെ മനസ്സൊന്നു പതറി. ചില്ലുപാത്രം നിലത്തെ ജലത്തില്‍ ചിതറിക്കിടന്നു.
"ക്ഷമിക്കണം അമ്മേ.."
അവളോടിപ്പോയി വാതില്‍ തുറന്നു. താലത്തിലെ പഴങ്ങള്‍ അമ്മയ്ക്ക് മുന്നില്‍ വച്ച് പരിചാരിക പിന്‍വാങ്ങി.
ഉടഞ്ഞ ചില്ലുകള്‍ പെറുക്കുമ്പോള്‍ മായാബഹന്റെ മനസ്സ് പുകഞ്ഞു. അവളുടെ ഉള്ളില്‍ ഉരുവം കൊണ്ട വാക്കുകള്‍ ശ്വാസം മുട്ടി പുറത്തേക്ക് വന്നു.
"അമ്മേ തെറ്റെങ്കില്‍.." അമ്മയുടെ മുഖത്തെ സന്ദേഹത്തിലേക്ക് നോക്കി അവള്‍ തുടര്ന്നു: "എല്ലാം കാണുന്ന, അറിയുന്ന അമ്മ.."
അമ്മയുടെ പുരികം വളഞ്ഞു.
"അടഞ്ഞ വാതിലിനപ്പുറം ആരാണെന്നറിഞ്ഞില്ലല്ലോ.."
ഒരു നിമിഷം അമ്മ കണ്ണടച്ചിരുന്നു. പിന്നെ അവരുടെ ഉള്ളില്‍ അച്ചടിച്ച വാക്കുകള്‍ പുറത്തേക്ക് വന്നു:
"നീ ആത്മജ്ഞാനം പ്രാപിച്ചിരിക്കുന്നു. ഇന്ന് മുതല്‍ നീ മായാനന്ദ ദേവി എന്നറിയപ്പെടും. പുതുതായി തുടങ്ങുന്ന ആശ്രമങ്ങളില്‍ നീയാണിനി ദര്‍ശനം നല്‍കേണ്ടത്."
Friday, August 14, 2009
വില്പനയ്ക്ക്
Friday, September 12, 2008
തലവേദന മാറ്റാന്‍......

Wednesday, August 20, 2008
എന്തൊരു രോമാഞ്ചം!!
"അമേരിക്കയുടെ കുത്തക തകര്‍ത്തു കൊണ്ട് ഉസൈന്‍ ബോള്‍ടിന്റെ രോമാഞ്ചമണിയിക്കുന്ന പ്രകടനം..."
അതു കേട്ടപ്പോള്‍ കലാഭവന്‍ മണി പറഞ്ഞ കഥയാണ് ഓര്‍മ വന്നത്:
മൂര്‍ഖന്‍ പാമ്പ് കടിച്ച് ആശുപത്രിയില്‍ കൊണ്ടുവന്ന ആളിനെ കണ്ടിട്ട് അടുത്ത മരത്തിലിരുന്ന പച്ചിലപ്പാമ്പ് പറഞ്ഞത്രേ: "ഞങ്ങളുടെ ആളുകളോട് കളിച്ചാല്‍ ഇങ്ങനിരിക്കും"
Thursday, August 14, 2008
ചെങ്കോട്ടയില്‍ ത്രിവര്‍ണം മായാതിരിക്കട്ടെ
സായിപ്പിന്റെ അടിമത്തത്തില്‍ നിന്നു നാം മോചനം നേടിയിട്ട് 61 വര്‍ഷങ്ങള്‍ കഴിയുന്നു. എന്നിട്ടും സായിപ്പിനോടുള്ള മാനസിക അടിമത്തം നമ്മെ വിട്ടു പോയിട്ടുണ്ടോ? നമ്മുടെ നാട്ടിലെ ചില കാഴ്ചകള്‍ അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു.
കുറച്ചു കാലം മുന്‍പ് ഇന്‍ഡ്യയിലെ ഒരു പ്രമുഖ ഐ ടി കമ്പനിയില്‍ നടന്ന ചടങ്ങില്‍ ദേശീയ ഗാനം ഒഴിവാക്കിയ സംഭവം ഓര്‍മ വരുന്നു. ചടങ്ങില്‍ പങ്കെടുക്കുന്ന വിദേശികള്‍ക്ക് അലോസരം ഉണ്ടാകുമെന്നായിരുന്നു കമ്പനിയുടെ തലവന്‍ അതിനു പറഞ്ഞ കാരണം. രാഷ്ട്രത്തലവന്‍ കൂടി പങ്കെടുത്ത ചടങ്ങായിരുന്നെന്നാണോര്‍മ.
മറ്റൊരു സംഭവം: അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്‍ഡ്യാ സന്ദര്‍ശന വേളയില്‍, അദ്ദേഹം വിമാനത്താവളത്തില്‍ നിന്നു താന്‍ താമസിക്കുന്ന ഹോട്ടലില്‍ എത്തിക്കഴിഞ്ഞിട്ടാണ് സ്വീകരിക്കാനെത്തിയ ‘നമ്മുടെ’ പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ നിന്നു പുറത്തു പോകാന്‍ അനുവദിച്ചത്!!
ഇനി എന്റെ ഒരു സുഹൃത്തിനുണ്ടായ അനുഭവം കേള്‍ക്കുക:
അദ്ദേഹം മുംബയിലെ അന്താരാഷ്ട്ര പ്രസിദ്ധമായ ഒരു ഗവേഷണ സ്ഥാപനത്തില്‍ പോയപ്പോള്‍ കണ്ടതാണ്. എല്ലാ കക്കൂസുകളും പടിഞ്ഞാറന്‍ മാതൃകയില്‍ (Western Style) ഉള്ളവയാണ്. എന്നു മാത്രമല്ല അവയിലൊന്നും വാട്ടര്‍ റ്റാപ്പുകളോ വെള്ളം പകര്‍ന്നെടുക്കാന്‍ പാത്രങ്ങളോ ഇല്ല. ഫ്ളെഷും റ്റോയ്‌ലറ്റ് പേപ്പറും മാത്രം! വെള്ളമുള്ള ഇടം നോക്കി നടന്നിട്ട് കാണാതെയായപ്പോള്‍, അത്യാവശ്യക്കാരനായതിനാല്‍, അദ്ദേഹത്തിന് കടലാസ് കൊണ്ട് ‘കാര്യം’ സാധിക്കേണ്ടി വന്നു!
മറ്റൊരു രാജ്യവും സ്വന്തം പൈതൃകവും അഭിമാനവും രീതികളും ഇങ്ങനെ അടിയറ വയ്ക്കുമെന്ന് തോന്നുന്നില്ല. നമ്മുടെ നാട്ടുകാര്‍ തിന്നുമുടിക്കുകയാണെന്ന് ബുഷ് പറഞ്ഞപ്പോള്‍ വാ തുറക്കാതെ വിധേയത്വം കാട്ടിയ പ്രധാനമന്ത്രിയുള്ള നാട്ടില്‍ ഇങ്ങനെയൊക്കെ നടന്നില്ലെങ്കിലാണദ്ഭുതം.
ചെങ്കോട്ടയില്‍ വിദേശിയുടെ കൊടി പാറുന്ന കാലം വീണ്ടും വരാതിരിക്കട്ടെ!
Tuesday, August 12, 2008
മനോരമയുടെ കച്ചവടം

വായനക്കാരുടെ ആശംസകള്‍ അഭിനവ് ബിന്ദ്രയ്ക്ക് അയച്ചു കൊടുക്കുമത്രേ. മനോരമ വായിച്ച് ബിന്ദ്ര രോമാഞ്ചമണിയട്ടെ!
വടക്കെവിടെയെങ്കിലും കെടുതികളുണ്ടാകുമ്പോള്‍ പിരിക്കാനിറങ്ങുന്ന കടലാസ് സംഘടനകളും പാര്‍ട്ടികളും എത്ര ഭേദം!